തിരുവല്ല: നൂറാം വയസിലും വോട്ട് ചെയ്യാൻ ഫാ. ഏബ്രഹാം മാരേട്ടെത്തി. മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ഏബ്രഹാം മാരേട്ട് കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം നമ്പർ പോളിംഗ് ബൂത്തിലാണ് വോട്ടു ചെയ്യാനെത്തിയത്. കുറ്റൂർ ഗ്രാമപഞ്ചായത്ത് 12 ാം വാർഡിലെ വോട്ടറായിരുന്നു അദ്ദേഹം.
കുറ്റൂർ പള്ളിമല സ്നേഹ സദനിൽ വിശ്രമ ജീവിതം നയിക്കുന്ന സീനിയർ വൈദികരായ ഫാ. മാത്യു പഞ്ഞിക്കാട്ടിൽ (90 ), ഫാ. തോമസ് പുതിയവീട്ടിൽ (87) എന്നിവർക്കൊപ്പമാണ് ഫാ. ഏബ്രഹാം മാരേട്ടുമെത്തിയത്. ഫാ. വിൽസൺ നിറകണ്ടത്തിലും ഇവർക്കൊപ്പമുണ്ടായിരുന്നു.
കേരളം രൂപീകൃതമായ കാലം മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മാരേട്ടച്ചൻ മുടക്കം കൂടാതെ തന്റെ സമ്മതിദാനവകാശം രേഖപ്പെടുത്തി വരികയാണ്. കല്ലൂപ്പാറ സ്വദേശിയായ ഇദ്ദേഹം സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് രണ്ടുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
പിന്നീട് ചെങ്ങന്നൂരിലെ ജയിലിൽ നിന്ന് മോചനം നേടിയ ശേഷം സ്വാതന്ത്ര്യസമര സേനാനിയായിരുന്ന തന്റെ പിതാവിനോടൊപ്പം നിരവധി രാഷ്ട്രീയ സമ്മേളനങ്ങളിൽ പങ്കെടുത്ത് വിമോചന സമരത്തിലും പങ്കാളിയായി.
പതിനേഴാം വയസിൽ കാൻഡിൽ പേപ്പൽ സെമിനാരിയിൽ പോകുന്ന കാലയളവു വരെ തികഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു എന്നത് മാരേട്ടച്ചൻ ഓർക്കുന്നു. അക്കാലത്ത് രാഷ്ട്രീയമെന്നാൽ രാഷ്ട്ര സേവനമായിരുന്നു.
എന്നാൽ കാലഘട്ടം മാറിയതോടെ രാഷ്ട്രീയ സേവനം സ്വയം സേവനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറ പൗരാവകാശമായ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താൻ മടി കാണിക്കുകയാണെന്നാണ് തന്റെ നൂറാം വയസിലും ഏറെ ചുറുചുറുക്കോടെ വോട്ടു ചെയ്യാനെത്തുന്ന ഫാ. ഏബ്രഹാം മാരേട്ട് പറയുന്നത്.